കുമരകം: ഹൗസ്ബോട്ടുകളില്നിന്നു ഭക്ഷണമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കിയോസ്കുകള്‍ സ്ഥാപിച്ച് തരം തിരിച്ചു ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) മുഖാന്തരം ആവിഷ്കരിച്ച പുതിയ പദ്ധതി അടുത്ത മാസം മുതല്‍ നടപ്പാക്കും.
2019 മുതല്‍ സ്വകാര്യ ഏജന്‍സി മുഖാന്തരം ആലപ്പുഴ പുന്നമട ഹൗസ് ബോട്ട് ടെര്‍മിനലില്‍ നിന്നും ബോട്ടുകളിലെ ജൈവ, അജൈവ മാലിന്യം നീക്കം ചെയ്യുന്നതു ഡിടിപിസിയാണ്. ഇതിന് ഹൗസ്ബോട്ടുകള്‍ യൂസര്‍ ഫീ നല്‍കിയിരുന്നില്ല. പുതിയ പദ്ധതി പ്രകാരം മാലിന്യ ശേഖരണം കൂടുതല്‍ കേന്ദ്രങ്ങളില്‍ നടത്തുകയും ഹൗസ്ബോട്ടുകളില്‍ നിന്ന് വാര്‍ഷിക യൂസര്‍ ഫീസ് ഈടാക്കുകയും ചെയ്യും.
ഒന്നു മുതല്‍ രണ്ടു ബെഡ്റൂം വരെയുള്ള ഹൗസ്ബോട്ടുകള്‍ക്ക് 8,260 രൂപയും മൂന്ന് മുതല്‍ അഞ്ച് ബെഡ്റൂം വരെയുള്ള ഹൗസ്ബോട്ടുകള്‍ക്ക് 17,700 രൂപയും ആറ് മുതല്‍ പത്ത് ബെഡ്റൂം വരെയുള്ള ഹൗസ്ബോട്ടുകള്‍ക്ക് 35,400 രൂപയും പത്തില്‍ കൂടുതല്‍ ബെഡ്റൂമുള്ള ബോട്ടുകള്‍ക്ക് 53,100 രൂപയുമായിരിക്കും വാര്‍ഷിക യൂസര്‍ ഫീസ്.
ഹൗസ്ബോട്ട് ഉടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹൗസ്ബോട്ടുകള്‍ കേന്ദ്രീകരിക്കുന്ന പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റ്, ഫിനിഷിംഗ് പോയിന്റ്, പുന്നമട തട്ടുങ്കല്‍, പുന്നമട മല്ലന് ഡോക്ക്, ചുങ്കം പള്ളാത്തുരുത്തി,
പള്ളാത്തുരുത്തി ടെര്‍മിനല്‍ എന്നീ ആറ് സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം മാലിന്യ ശേഖരണ കിയോസ്ക് സ്ഥാപിക്കുകയും ദിവസവും രാവിലെ ഒമ്പതുമുതല്‍ 11 വരെയും വൈകുന്നേരം അഞ്ചുമുതൽ ഏഴു വരെയും സ്വകാര്യ ഏജന്‍സി മുഖാന്തരം ഡിടിപിസി മാലിന്യ ശേഖരണം നടത്താനും തീരുമാനിച്ചു.
ഇതിനുള്ള സ്വകാര്യ ഏജന്‍സിയെ താത്പര്യപത്രം ക്ഷണിച്ചു ഡിടിപിസി തെരഞ്ഞെടുത്തിരുന്നു. കൃത്യമായി മാലിന്യം കൈമാറുന്നവര്‍ക്ക് എല്ലാ മാസവും ഡിടിപിസി സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന ഹൗസ്ബോട്ടുകള്‍ക്ക് മാത്രമേ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, തുറമുഖ വകുപ്പിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓഗസ്റ്റ് മുതല്‍ ലഭിക്കുകയുള്ളൂ.